Wednesday, March 14, 2018

വെളുമ്പിയംപാടത്തേക്ക് പോരുന്നോ..??

വെളുമ്പിയംപാടം ത്തിനെപ്പറ്റി ഇനി ചോദിക്കരുത്.!!
വരൂ നമുക്കൊരുമിച്ചങ്ങോട്ട് പോകാം...
_____________________________
മലപ്പുറം ജില്ലയുടെ ഒരറ്റത്ത് തേക്കിലകൾ കഥ പറയുന്ന നിലമ്പൂരിൽ നിന്ന് ഊട്ടി-മൈസൂർ പാതയിൽ 10km സഞ്ചരിച്ച്‌ നമ്മളിപ്പോൾ 'പാലുണ്ട'യിലാണ് എത്തിയിരിക്കുന്നത്.
ഏക്കർ കണക്കിന് റബ്ബർ തോട്ടങ്ങൾ പരന്നുകിടക്കുന്ന🌲🌲 ഈ സ്ഥലത്തിന് 'പാലുണ്ട' എന്നല്ലാതെ മറ്റെന്തുപറയും??
"മുണ്ടേരി വിത്തുകൃഷിത്തോട്ടം- 16km"
എന്നെഴുതിയ ബോർഡ് കണ്ടോ..?
വരൂ...
ഇനിയും 10കിലോമീറ്ററോളം യാത്ര ബാക്കിയുണ്ട്..




#പാതിരിപ്പാടം, #നല്ലംതണ്ണി, #ഉപ്പട, #ചാത്തംമുണ്ട, #ആനക്കല്ല്,
#സാൽവോജംഗ്ഷൻ, #ഞെട്ടിക്കുളം....
സ്ഥലപ്പേരുകൾ വായിച്ച് ചിരിക്കാൻ വരട്ടെ, ഓരോ പേരിനും പറയാനുണ്ട് പോരിശകളൊരുപാട്.
ഇതാണ് #പോത്തുകല്ല്.
പുതുതായി വന്ന വില്ലേജാണ്. മുമ്പ് പഞ്ചായത്ത് ആയിരുന്ന സമയത്ത്
'കേരളത്തിലെ ഏറ്റവും വൃത്തിയുള്ള പഞ്ചായത്ത് എന്ന ഖ്യാതി നേടിയിരുന്നു.'💪
ഇന്നും അങ്ങനെത്തന്നെ.!!
എന്തായാലും നമുക്കൊരു ചായ കുടിച്ചിട്ടാകാം യാത്ര. ഇനി എന്റെ ഗ്രാമത്തിലേക്ക് കഷ്ടി 2km കൂടിയേ ഉള്ളൂ. അവിടേക്കുള്ള റോഡ് അൽപം ഇടുങ്ങിയതും, ഒപ്പം സുന്ദരവുമാണ്‌. രണ്ട് ബസ്സുകൾ ഒരുമിച്ച് എതിർദിശയിൽ വന്നാൽ സുഗമമായി കടന്നുപോകാൻ ലേശം ബുദ്ധിമുട്ടാണെന്ന് സാരം.
വലതുവശത്ത് നിലമ്പൂർ ഫോറസ്റ് ഡിവിഷൻ. ഇടത് തൊട്ടുതാഴെ ചാലിയാർ. നിലമ്പൂരെന്ന മണവാട്ടിയുടെ താലിമാലയായ ചാലിയാർ.
രാത്രി 9മണിക്ക് ശേഷമാണ് ഈ യാത്രയെങ്കിൽ മാൻകൂട്ടങ്ങളെയോ മറ്റോ കണ്ടേനെ..🐒🐂🐘🐗🐺🐻
"നീ എന്തോ പറഞ്ഞല്ലോ.."
"നല്ല തണുപ്പെന്നോ..??"
ശരിയാണ്....
പോത്തുകല്ലിന് 1km അപ്പുറം 'കുനിപ്പാല' എത്തുന്നതിനു തൊട്ടുമുമ്പുള്ള ഒരു പ്രത്യേക മേഖലയാണത്. ചാലിയാറും, വനവും 20മീറ്ററിനടുത്ത് വരുന്ന ഇടം. അതിനിടയിലാണ് നാമിപ്പോൾ. ഏത് നട്ടുച്ചക്കും വല്ലാത്തൊരു തണുപ്പ് ഇവിടം വന്നു മൂടും.
ആ കാണുന്ന 'മില്ല്'.
ഞാൻ ആദ്യമായി കണ്ട റൈസ്&ഫ്ലോർ മിൽ ആണത്.
മണ്ണെണ്ണ ചേർത്ത ഡീസലിൽ പ്രവർത്തിച്ചിരുന്ന അതിന്റെ ശബ്ദം എന്ത് ഭയമായിരുന്നെന്നോ എനിക്ക്.
ഹാ........ എത്തിലോ........
ഇതാണ് എന്റെ ഗ്രാമം......
വെളുമ്പിയംപാടം..........!!!
ആ ഇടത് കാണുന്ന സ്കൂൾ എന്റെ ആദ്യ വിദ്യാലയം..!🏠
ആത്മവിദ്യാലയം............!
ഇവിടുത്തെ ഏക വിദ്യാലയവും അത് തന്നെ.
നമ്മുടെ മുന്നിൽ നിരന്നു നിൽക്കുന്ന ആ മലനിരകൾക്കപ്പുറം വയനാട് ആണ്.🌄🌄
ഇ മലനിരകളിൽ കാണുന്ന വെളുത്ത വരകൾ.
അവ വെള്ളച്ചാട്ടങ്ങളാണ്.
പക്ഷെ, മൈലുകൾക്കപ്പുറമാണ് എന്ന് മാത്രം.
കുഞ്ഞായിരിക്കുമ്പോൾ ആനയെപ്പോലെയൊക്കെ തോന്നിയിരുന്ന ആ ഉയർന്ന കുന്നുകളെ എന്തോ.. എനിക്കിന്നും അങ്ങനെയൊക്കെത്തന്നെ തോന്നുന്നു..
നിങ്ങൾക്ക് അങ്ങനെ തോന്നുന്നുവോ ആവോ??
റോഡിന്റെ വലതുവശത്തിന് 1.5km അപ്പുറം വനമാണ് അതിനിടയിലാണ് പ്രധാന ജനവാസം. വനത്തിനപ്പുറം മരുത-മലനിരകളാണ്.
മരുതമലകളെ അറിയില്ലേ??
കേരളത്തിൽ സ്വർണ്ണ നിക്ഷേപമുള്ള ഏക സ്ഥലം.
എന്നുവച്ച് നിലവിൽ അവിടെ ഖനനമോ മറ്റോ നടക്കുന്നുമില്ല.
ഇടതുവശത്ത് നീണ്ട് വളഞ്ഞ്പുളഞ്ഞ് ആകാശത്തെക്കുയരുന്ന ആ വെളുത്ത പുകയുണ്ടല്ലോ?
അത് ചാലിയാറിൽ നിന്നാണ്.
ഇളംവെയിൽ കൊള്ളുമ്പോ ചാലിയാർ പെണ്ണിന്റെ സ്ഥിരം കലാപരിപാടിയാണീ പുകയൂത്ത്. ശാസ്ത്രീയ വശം ചോദിക്കരുത്. അതങ്ങനാണ്.
ചുരുക്കിപ്പറഞ്ഞാൽ, വലതുവശത്ത് നിലമ്പൂർ വനത്തിനും, ഇടത് ചാലിയാറിനുമിടയിലൊരു സുന്ദര ഗ്രാമം. കറുത്തവരപോലെ നടുവിൽ റോഡും. വനത്തിനോട് ചേർന്ന ഭാഗം പോത്തുകല്ല് പഞ്ചായത്ത് 5)ം വാർഡും, പുഴയോട് ചേർന്നത് 6)ം വാർഡും. രണ്ട് വാർഡിലും കൂടി ഏതാണ്ട് 300ലധികം കുടുംബങ്ങൾ ഒരുമയോടെ താമസിക്കുന്നു.
"മൊബൈൽ ഫോൺ ഉയർത്തിപ്പിടിച്ചിട്ടൊന്നും ഒരു കാര്യവുമില്ല. അങ്ങനൊന്നും റേഞ്ച് വരില്ല."
!dea യും vodafone ഉം, പിന്നെ പേരിന് BSNL ഉം AirTel ഉം. ബാക്കിയുള്ള നെറ്റ്‌വർക്കുകൾക്ക് ഈ നാടിന്നും ബാലികേറാമലയാണ്. എന്നുവെച്ചാൽ ഞങ്ങൾക്ക് കഥപറയാനും, ചിരിക്കാനും, മുഖത്തുനോക്കി സംസാരിക്കാനുമൊക്കെ ഒത്തിരി സമയമുണ്ടെന്നർത്ഥം.!
മുഴുവൻ സമയവും ഫോണിൽ കുത്തിത്തോണ്ടിനിൽക്കുന്ന നിങ്ങൾക്കിതു വല്ലതും മനസ്സിലാകുമോ എന്തോ??
ഹോ... പറയാൻ മറന്നു.
ഈ നാടിന് വെളുമ്പിയംപാടം എന്ന പേര് വരാനൊരു കാരണമുണ്ട്.
പണ്ടുകാലത്ത്. വളരെ പണ്ട്.
ആളുകളൊക്കെ ഇങ്ങോട്ട് കുടിയേറിപ്പാർക്കാൻ തുടങ്ങുന്ന അന്തകാലത്ത്.
ഈ ഗ്രാമം മുഴുവൻ 'വെളുമ്പി' എന്ന് പേരുള്ള മരങ്ങളായിരുന്നുവത്രെ...
അങ്ങനെ വെളുമ്പിയുടെ പാടങ്ങൾ 'വെളുമ്പിയംപാടമായി'.
ആ മരങ്ങൾക്ക് പിന്നീട് എന്ത് സംഭവിച്ചു എന്നറിവില്ല.
'വെളുമ്പി' എന്നാൽ ഒരുതരം നെല്ലിനം ആണെന്ന് അഭിപ്രായപ്പെടുന്ന കാരണവർമാരുമുണ്ട്.
ഇവിടുന്ന് 5km മുന്നോട്ട് പോയാൽ 'മുണ്ടേരി'യിൽ എത്തും. ഏഷ്യയിലെ ഏറ്റവും വലിയ വിത്തുകൃഷിത്തോട്ടം സ്ഥിതിചെയ്യുന്നതവിടെയാണ്. maaവോയിസ്റ് സാന്നിധ്യവും, വന്യമൃഗങ്ങളുടെ ശല്യവുമുണ്ടായതിനാൽ🐘🐘 നിലവിൽ സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്.
2 റേഷൻകട, 2 ചായക്കട, പലചരക്കു കടകൾ, കുഞ്ഞു ബാർബർഷോപ്പ്, ചെറിയൊരു തുണിക്കട, മീൻ,ഇറച്ചി,പച്ചക്കറി ഇങ്ങനെ ചെറിയ അങ്ങാടി സെറ്റപ്പുകളേ ഇവിടുള്ളൂ.
ആ കാണുന്നയാളാണ് വേലായുധേട്ടൻ, പാൽപാത്രം കയ്യിൽപിടിച്ച് ചുമര് ചാരി നിൽക്കുന്നത് അച്ചായൻ. പത്രം ചുരുട്ടിപിടിച്ച് ചർച്ചക്ക് ചുക്കാൻ പിടിക്കുന്നത് നൊമ്മന്റെ ബാപ്പ ലുക്മാനാണ്.
ഇവർക്കിടയിൽ മതമോ, ജാതിയോ, വിഭാഗീയതയോ ഒന്നുമില്ല. സ്നേഹമെന്ന വികാരം മാത്രം.
എടുത്തു പറയത്തക്ക രാഷ്ട്രീയ സംഘട്ടനങ്ങളും ഇവിടെയില്ല. തെരെഞ്ഞെടുപ്പ് അടുക്കുമ്പോൾ ഒന്ന് രണ്ട് പൂത്തിരികൾ കത്തിചീറ്റും.
അത്രമാത്രം.
അതൊന്നുമില്ലാതെ പിന്നെന്ത് തെരെഞ്ഞെടുപ്പ് ..???
വരൂ... വീട്ടിലേക്കു പോകാം.
രുചിയേറും മുളയരിപ്പായസവും,
കൊതിയൂറും മുളയരി നെയ്യപ്പവും റെഡിയാണ്. പതിറ്റാണ്ടുകൾക്കിടയിലാണ് മുളകൾ പൂക്കുക. ഇതിനു 'കട്ടയിടുക' എന്ന് പറയും.
അക്കാലത്ത് വളരെ ബുദ്ധിമുട്ടി ശേഖരിക്കുന്ന മുളയരി ഒരുപാട് കാലം വരെ സൂക്ഷിച്ചു വെക്കുമായിരുന്നു. ഇന്നിപ്പോ ആർക്കുമത് വേണ്ടാതായി.
LP സ്കൂളിൽ പഠിച്ചിരുന്ന കാലത്ത് എന്റെ വീട് കാടിനോട് ചേർന്നായിരുന്നു. ചേർന്നെന്നുപറഞ്ഞാൽ ശരിക്കും ഒട്ടിച്ചേർന്ന്.
എത്ര സുന്ദരമായ ഓർമ്മകൾ സമ്മാനിച്ചയിടം..!!
പന്നി ശല്യം കാരണം അവയെ ചെറുക്കാൻ ചുവന്ന ബക്കറ്റിൽ തിരികുറച്ച് മണ്ണെണ്ണ വിളക്ക് കത്തിക്കും. പുക പുറത്തുപോകാൻ ചെറിയ ദ്വാരമുണ്ടാക്കിയ ചേമ്പില കൊണ്ട് ബക്കറ്റ് മൂടും.
പന്നിക്കൂട്ടങ്ങൾക്ക് ഈചുവന്ന വെളിച്ചം പേടിയാണത്രെ.
അതുകൊണ്ട് ഒരുപാട് കാച്ചിലും,ചേനയും, പാൽചേമ്പും കൂർക്കലും, കപ്പയുമൊക്കെ വയറുനിറയെ കഴിച്ചെന്നത് സത്യം.
ഇടക്ക് വിരുന്നുകാരായി വീടിനു തൊട്ടടുത്ത് വരെ ആനക്കൂട്ടങ്ങൾ വരും.🐘🐘 വിരുന്നുകാരെ സത്കരിക്കാൻ വിഭവമില്ലാത്തതിനാൽ ഞങ്ങൾ കുടുംബസമേതം കുറച്ചപ്പുറത്തുള്ള അയൽ വീട്ടിലേക്കു മറുവിരുന്നിന് പോകും.
🏃🏃
കാലം മാറി. കോലവും മാറി.
കാടും, നാടും ഒരുപാട് മാറി.
"ബള്ളിമ്മെ കത്ത്ണ ബളക്കും"
വൈദ്യുതിയൊക്കെ വന്നപ്പോ, കാട്ടിൽ നിന്ന് നാട്ടിലേക്കു വിരുന്നുവരുന്നവരെ സ്വീകരിക്കാൻ സർക്കാർ വക കറന്റ് വേലിയൊക്കെ ഒരുക്കി. എന്നാൽ, പന്നിക്കൂട്ടങ്ങൾക്ക് ഈ വേലിയൊക്കെ പുല്ലാണ്. പിന്നീട് നാട്ടുകാരിൽ ചിലർ അയലുകെട്ടാൻ ഈ കമ്പികൾ അയിച്ചോണ്ടു പോയീത്രെ.
എന്തായാലും നാട്ടിൽ ഫാൻ കറങ്ങാൻ തുടങ്ങിയിട്ട് 💡 20വർഷം കഴിഞ്ഞിട്ടില്ല എന്നുറപ്പ്.
രാത്രി മണ്ണെണ്ണ വിളക്കിനു മുന്നിൽ ഉറക്കം തൂങ്ങിയിരുന്ന കാലം...
തലമുടിക്കു ചൂട് പിടിക്കുമ്പോൾ ചെറിയൊരു ഗന്ധം പരക്കും. ഉറക്കം തൂങ്ങിയെന്ന സത്യം വീട്ടുകാരറിയും. അന്ന് ആകെയുള്ള രക്ഷകൻ മൂന്നു ബാറ്ററി ഇടുന്ന Everyday Torch ആണ്. 🔦2 ബാറ്ററി ഇടുന്നതിനെ 'രണ്ട് കട്ട ടോർച്ച്' എന്നും 3ബാറ്ററി ഇടുന്നതിനെ 'മൂന്നു കട്ട ടോർച്ച്' എന്നും പറയും.
സ്വന്തമായി 'മൂന്നു കട്ട ടോർച്ച്' ഉള്ളവൻ ലക്ഷപ്രഭുവാണ്.
Panasonicന്റെ ഗൾഫ് മോഡൽ ടേപ്പ് റിക്കോർഡർ കൂടി ഉണ്ടെങ്കിൽ ലവനാണ് മുതലാളി. കോടീീശ്വരൻ..!!
തടത്തിക്കായകൾ പൊഴിയുന്ന വനാതിർത്തിയിൽ നിന്ന് ചാലിയാറിന്റെ ഓരത്തേക്ക് ഞങ്ങൾ വീട് മാറിയിട്ട് അധികനാളായിട്ടില്ല.
ഉച്ചയൂണിന് മുമ്പൊരു 'പത്തണിക്കഞ്ഞി' സമ്പ്രദായമുണ്ടിവിടെ. നിങ്ങൾ വന്നതിനാൽ കഞ്ഞിക്കു പകരം നല്ല ആവിപറക്കുന്ന നാടൻ കപ്പയും,🍜 കാന്താരിച്ചമ്മന്തിയുമാണുള്ളത്.
"മഴ ഇങ്ങനെ പെയ്താൽ ഇന്ന് മീൻ കേറുമെന്നാ തോന്നണ്.."
വല്ല്യുമ്മ ആരോടെന്നില്ലാതെ പറഞ്ഞു.
"മീൻ കേറിയാൽ കുശാലായി"
എന്ന് ഞാനും.
പറഞ്ഞ പോലെത്തന്നെ മീൻ കയറി. 'മീൻ കയറുക' എന്ന് പറഞ്ഞാൽ ചാലിയാറിലെ അമ്മമത്സ്യങ്ങളെല്ലാം ചെറിയ കൈവരിത്തോടിലൂടെ നാട്ടിൻപുറങ്ങളിലേക്കു നീന്തിക്കയറും. 🐬🐬ഏതാണ്ട് കാട് വരെ ഇവ എത്തിപ്പെടും. ഇതവയുടെ പ്രജനനപ്രക്രിയയുടെ ഭാഗവുമാണ്. ഇതിനിടെ പുല്ലിൽ വയറുരസി അവ പാറ്റും(മുട്ടയിടും).
അമ്മമത്സ്യങ്ങൾ തിരികെ ചാലിയാറിലെത്തും മുമ്പ് ഭൂരിഭാഗവും നാട്ടുകാരുടെ വയറ്റിലെത്തും.🍴 പക്ഷെ, കുഞ്ഞുങ്ങൾ തിരികെ ചാലിയാറിൽ തിരിച്ചെത്തുമെന്നുറപ്പ്.
ഇന്നിപ്പോ പാടങ്ങളും, കൈവരിത്തോടുകളിൽ പലതും മണ്ണിട്ട് മൂടി. തോട്ടയും, നഞ്ചും കലക്കി ചാലിയാറിലെ മത്സ്യസമ്പത്തും കുറഞ്ഞു. മുമ്പ് ധാരാളമായി കണ്ടിരുന്ന സ്വർണ്ണത്തരിക്കാരെയും കാണാറില്ല. സ്വർണ്ണ അയിരുകൾ ധാരാളമായി ഉണ്ടായിരുന്നതിനാലാണത്രെ 'വില്യം ലോഗൻ' 'മലബാർ മാന്വലിൽ' ചാലിയാറിനെ സ്വർണ്ണ നദി എന്ന് കുറിച്ചത്.
ചാലിയാറിലെ മത്സ്യസമ്പത്ത് കൊണ്ട് മാത്രം ജീവിച്ചിരുന്ന ചെറിയൊരു കൂട്ടമെങ്കിലും ഇവിടെയുണ്ടായിരുന്നു. കാട്ടിലെ കൂപ്പുപണിയും, മുളമ്പണിയും ഇല്ലാതായ പോലെ മീൻപിടുത്തവും തീരെയില്ലാതായി.
ഇന്ന് നാട്ടിലെ ബഹുഭൂരിപക്ഷവും പ്രവാസികളാണ്.✈ ബാക്കിയുള്ളവർ കാറ്ററിങ് മേഖലയിലെ വിദഗ്ധരും.🍴
വറ്റിച്ചെടുത്ത മുഴുത്ത പുഴമീനിനൊപ്പം ചർച്ചകൾക്കും കൊഴുപ്പ് കൂടി.
ഒരു സന്തോഷവാർത്ത കൂടിയുണ്ട്.
'മലയോര-ഹൈവേ' ⚠എന്ന ഞങ്ങളുടെ സ്വപ്നം പൂവണിയാനിരിക്കുകയാണ്.
ഇടക്കിടെ യാത്രതടസ്സം നേരിടുന്ന നാടുകാണി ചുരത്തിനൊരു ബദലായും, താമരശ്ശേരി ചുരത്തിനെക്കാൾ എളുപ്പത്തിൽ വയനാട്ടിലെത്താൻ പ്രകൃതിയുടെ വാതിൽ.
ഇതിന്റെ ചർച്ചകൾ ഏതാണ്ട് അന്തിമഘട്ടത്തലാണ്.
നാളെ രാവിലെ 6:30ന് കോഴിക്കോട്ടേക്കു നേരിട്ട് ബസ്സുള്ളതാ...
കണ്ണുകൾ ഇറുകെയടച്ചു.
'വെളുമ്പി'എന്ന മരക്കൂട്ടങ്ങൾക്കിടയിലൂടെ എന്റെ സ്വപ്നം ചിറകുവിരിച്ചു.💭💭
മലമടക്കുകളിലെ വെള്ളക്കീറുകളെ ലക്ഷ്യമാക്കി
അവ ഉയർന്ന് പൊങ്ങി..........

No comments:

Post a Comment