Wednesday, March 14, 2018

ശ്രീജീ.. ഞങ്ങളുമുണ്ട് കൂടെ


പ്രിയ ശ്രീജീ...
നിന്നെ ഞാൻ കണ്ടിട്ടുണ്ട്..
ഒന്നല്ല. ഒരുപാട് തവണ.
യൂണിവേഴ്‌സിറ്റി കോളജ് വിട്ട് സായാഹ്‌നങ്ങളിൽ ആഴ്ചപ്പതിപ്പുകൾ തേടി സെക്രട്ടറിയേറ്റിന്റെ എതിർവശത്തുള്ള സ്റ്റാച്യൂ ജംഗ്ഷനിൽ വരുമ്പൊ ഒരുപാട് തവണ കണ്ടിട്ടുണ്ട് നിന്നെ.

വൃത്തിയിൽ വസ്ത്രം ധരിച്ച്, മുടി ചീകിയൊതുക്കി, ഏതോ മാസികയിൽ മുഖം പൂഴ്ത്തി, കാലുനീട്ടി കിടക്കുന്ന നിന്നെക്കുറിച്ചോർത്ത് അത്ഭുതം തോന്നിയിട്ടുണ്ട്.


ചോരത്തിളപ്പുള്ള പ്രായത്തിൽ എന്തിനിവിടെ കിടക്കുന്നുവെന്നു സ്വയം ചോദിച്ചിട്ടുണ്ട്...
നിന്റെ തലക്കു മുകളിൽ പതിച്ചുവെച്ച അനിയന്റെ ചിത്രങ്ങളിലോ, വാർത്തകളിലോ അന്നെന്റെ കണ്ണുകളുടക്കിയിരുന്നില്ല.
നിന്റെ വിശേഷങ്ങളാരായാൻ എനിക്ക് സമയമുണ്ടായിരുന്നില്ല.
എനിക്കെന്നല്ല; ആർക്കും.
ഇടക്കിടെ വന്ന് തേങ്ങിക്കരയുന്ന അമ്മ.
വെയിലും, മഴയും, മഞ്ഞും, പൊടിയും...
നീണ്ട രണ്ടര വർഷത്തിനിടയിൽ
രണ്ടര മിനിറ്റെങ്കിലും ശീതീകരിച്ച കാറുകളിൽ നിന്ന് നിന്നെയൊന്നെത്തി നോക്കാൻ പോലും അധികാരികൾക്കും സമയം കിട്ടിയില്ല.
രാജാമാധവ് റാവു വിന്റെ പ്രതിമക്ക് ജീവനുണ്ടായിരുന്നെങ്കിൽ എന്ന് നീ ആശിച്ചു കാണും..
കല്ലുപാകിയ തറകൾക്കും, മരച്ചില്ലകൾക്കും സംസാരിക്കാൻ കഴിവുണ്ടായിരുന്നെങ്കിൽ എന്ന് നീ ചിന്തിച്ചുകാണും...
അല്ല ശ്രീജീ...
ഇനി നീയൊറ്റക്കല്ല. വൈകിയെങ്കിലും ഞങ്ങളുണ്ട് കൂടെ....
പ്രമുഖർക്ക് മാത്രമേ നീതിയൊള്ളുവെങ്കിൽ;
നീ ഇന്ന് പ്രമുഖനാണ് മറ്റേത് പ്രമുഖനെക്കാളും.
#JusticeforSreejith #അവനൊപ്പം

No comments:

Post a Comment