Monday, August 27, 2018

🌷കേരളം കരകയറുമ്പോൾ ചിലത് പറയാതെ വയ്യ.🌷

2018 ആഗസ്റ്റിൽ കേരളത്തിലുണ്ടായ പ്രളയത്തിൽ 400 തടുത്ത് ആളുകൾ മരണപ്പെട്ടു, പതിനായിരങ്ങൾക്ക് കിടപ്പാടം വരെ നഷ്ടപ്പെട്ടു, കോടിക്കണക്കിന് രൂപയുടെനാഷനഷ്ടമുണ്ടായി.
പക്വമായ രക്ഷാദൗത്യവും, ജനത്തിന്റെ ഒത്തൊരുമയും കാരണം വളരെപ്പെട്ടെന്ന് കേരളം കരകയറി


എത്ര സുന്ദരമായാണ് ഈ നൂറ്റാണ്ടിലെ മഹാപ്രളയത്തെ കേരളീയർ നേരിട്ടത്.

കേരളത്തിന്റെ സ്ഥാനത്ത് മറ്റേത് നാടാണെങ്കിലും ഇത്ര പെട്ടെന്ന് ദുരിതക്കയത്തിൽ നിന്നും കരകയറുമായിരുന്നില്ല.



പ്രളയം കോരിച്ചൊരിഞ്ഞ വഴിയിലൂടെ തിരിച്ചുനടക്കുമ്പോൾ ആരോടെക്കെയാണ് നന്ദിപറയുക.
ഒരു നന്ദികൊണ്ട് ഒതുക്കാൻ കഴിയുമോ ഈ ഒരുമയെ.

ഈ ഒത്തൊരുമക്ക്  നേതൃത്വം കൊടുക്കുന്നതിൽ കേരള സർക്കാറും, ബഹു. മുഖ്യമന്ത്രി Pinarayi Vijayan നും അത്യന്ത്യം വിജയിച്ചു എന്നതാണ് സത്യം.

പ്രളയത്തിൽ മുറിവേറ്റ കേരളത്തെ കൈപിടിച്ചുയർത്താൻ ഒന്നും ചോദിക്കാതെ 700 കോടി വാഗ്ദാനം ചെയ്ത യു.എ.ഇ. MOI UAE യും, 35 കോടി പുഞ്ചിരിയോടെ തന്ന ഖത്തറും, ഒമാനും, സൗദിയുമടക്കം  അറബ് രാഷ്ട്രങ്ങളോട്  ഏങ്ങനെ നന്ദി പറയാൻ കഴിയും?

50 കോടി മടികൂടാതെ തന്ന  Dr. Shamsheer Vayalil ,  Yusuff Ali M.A സാഹിബിനോടും ഇവരെപ്പോലുള്ള സഹായ ഹസ്തങ്ങൾ നീട്ടിയ ബിസിനസ് സാമ്രാട്ടുകളോടും എന്നും കടപ്പെട്ടിരിക്കുന്നു നമ്മൾ.

500കോടി അനുവദിച്ച കേന്ദ്രസർക്കാർ, ദശകോടികൾ സംഭാവന തന്ന മറ്റു സംസ്ഥാനങ്ങൾ, നടീനടന്മാർ, മറ്റു പ്രമുഖർ...
ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസനിധിയിലേക്ക് സമർപ്പിച്ച ജനസേവകർ,
അധ്യാപകർ, ജഡ്ജിമാർ, വ്യത്യസ്ത മരച്ചുവട്-പാടവരമ്പ് കൂട്ടായ്മകൾ, ക്ലബ്ബുകൾ, തൊണ്ട് പൊട്ടിച്ച് ചില്ലറകൾ സംഭാവനയായി നൽകിയ നിഷ്കളങ്ക ബാല്ല്യങ്ങൾ വരെ.
ഈ സഹായഹസ്തങ്ങൾക്ക് കണ്ണീരിൽ കുതിർന്ന കൃതജ്ഞത.

സംഭാവനകൾക്കുമപ്പുറം കായികമായി സഹായിച്ച ഇന്ത്യൻ ആർമി, ADGPI - Indian Army  ഇന്ത്യൻ നാവികസേന, ഇന്ത്യൻ വ്യോമസേന,  Kerala Police , Kerala fire force,  National Disaster Response Force, India ,  BSF RAF & Coast guard, Kerala State Electricity Board ജീവനക്കാർ
ഇവർക്കെല്ലാം പുറമേ മാലാഖമാരെപ്പോലെ പറന്നിറങ്ങിയ കടലിന്റെ മക്കൾ. കേരളത്തിന്റെ സ്വന്തം നാവികപ്പട.
എല്ലാം കഴിഞ്ഞ് തോണിയുമായ് മടങ്ങുമ്പോൾ നിങ്ങൾക്ക് മുമ്പിൽ കൈകൂപ്പി നിന്ന വയോധികരെപ്പോലെ നിൽക്കാനേ ഞങ്ങൾക്ക് കഴിയൂ..
കാരണം പകരം തരാൻ കൂപ്പുകൈയല്ലാതെ മറ്റൊന്നില്ല.

മലയാളിക്കുള്ളിലെ മനുഷ്യത്വം മറനീക്കി പുറത്തുവന്ന കാഴ്ചയാണ് പ്രളയത്തിലുടനീളം കാണപ്പെട്ടത്.
ഈർക്കിൽ പാർട്ടികളെന്ന് ചാപ്പകുത്തിയ ചില പാർട്ടിക്കാരുടെ പ്രവർത്തനങ്ങളെ എത്ര പ്രശംസിച്ചാലും മതിയാകില്ല.

ഇടുക്കി ഡാമിന്റെ മുമ്പിൽ തമ്പടിച്ച് ലൈവ് റിപ്പോർട്ട്  ചെയ്ത ചാനലുകാരോട് പുച്ഛമാണ് ആദ്യം തോന്നിയത്.
ഡാമിലെ വെള്ളത്തിന്റെ മാപ്പ് വരച്ചുകാണിച്ച മനോരമ ചാനലിനെയും ഡാമിലേ മത്സ്യത്തിന്റെ തൂക്കത്തെ ചർച്ചയാക്കിയ ചാനലുകാരേയും നമ്മളൊക്കെ ട്രോളിയതിന് വല്ല കയ്യും, കണക്കുമുണ്ടോ?
നമ്മുടെ മാപ്പുകളെയും, കണക്കുകൂട്ടലുകളും തെറ്റിച്ച് എത്ര വേഗത്തിലാണ് കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞത്.!!

പുച്ഛത്തോടെ നോക്കിയിരുന്ന ചാനലുകളിലേക്ക് ആകാംക്ഷയോടെ നമ്മളോരോരുത്തരും കണ്ണുനട്ടു.
മുൻ പ്രധാനമന്ത്രിയുടെ മരണവാർത്തയെ അഞ്ച് മിനുട്ടിലും, ഐക്യരാഷ്ട്രസഭ മുൻ സെക്രട്ടറി ജനറലായ കോഫി അന്നന്റെ മരണം ഒരു ഫ്ലാഷിലും ഒതുക്കി ദുരന്തഭൂമിയിലേക്ക് ഓടിവന്ന  #ചാനലുകൾ രക്ഷാപ്രവർത്തനത്തിൽ  നിസ്തുലമായ പങ്ക് വഹിച്ചിട്ടുണ്ടെന്ന് പറഞ്ഞാൽ അതിലൊട്ടും അതിശയോക്തിയില്ല.

പ്രളയക്കെടുതി ബാധിച്ചു തുടങ്ങും മുമ്പേ #സോഷ്യൽമീഡിയ രംഗത്തെത്തി. എന്റെതൂലിക, സഞ്ചാരി, ഞാനെടുത്തഫോട്ടോകൾ.. തുടങ്ങിയ ശക്തമായ അഡ്മിൻ നിയന്ത്രണങ്ങളുള്ള ഗ്രൂപ്പുകളുടെ വാതിലുകൾ പോലും മലർക്കെത്തുറന്നു.
ജാതിമതത്തല്ലുകൾ വർഗീയത ചേർത്ത് വിളമ്പിയിരുന്ന തിങ്കർ ഗ്രൂപ്പുകളിലെ ചർച്ചകൾ പ്രളയത്തെക്കുറിച്ച് മാത്രമായി.
ട്രോളുകൾ പോലും ദുരന്തനിവാരണത്തിന് വേണ്ടിയുണ്ടാക്കിത്തുടങ്ങി.

ഫാൻസുകാർ തങ്ങളുടെ താരങ്ങളോട് ഫേസ്ബുക്കിലൂടെ സഹായഭ്യർത്ഥനകൾ നടത്തി. രണ്ടുലക്ഷം അപേക്ഷയാണത്രെ യു.എൻ. ൽ മാത്രം മലയാളി നടത്തിയത്. ഫലമോ കേരളം സമ്മതിച്ചാൽ ദുരിതാശ്വാസത്തിന് നേതൃത്വം നൽകാമെന്ന യു. എൻ ന്റെ വാഗ്ദാനവും.
ചുരുക്കിപ്പറഞ്ഞാൽ സോഷ്യൽ മീഡിയ സ്വമേധയാ ഒരു കൺട്രോൾ റൂം ആയി മാറുകയായിരുന്നു.
ഷെയർ ചെയ്തവരോട് മാത്രമല്ല,
സാക്ഷാൽ  MARK Zukerberg നോട് പോലും കടപ്പെട്ടിരിക്കുന്നു നാം..

യുവരാജ്സിംഗ് നെപ്പോലുള്ള കായിക താരങ്ങളും, Tovino Thomas നെപ്പോലുള്ള നടന്മാരും സാധാരണക്കാരന്റെ കൂടെ നിന്നതിൽ അഭിമാനിക്കാൻ വകയുണ്ട്.

ശരീരം കൊണ്ടില്ലെങ്കിലും മനസ്സുകൊണ്ട് ഏറ്റവും ചേർന്നുനിന്നവർ
#പ്രവാസികൾ ആണ്.
സോഷ്യൽ മീഡിയയിലെ ഷെയറുകൾ മാത്രമല്ല, പോക്കറ്റിൽ നിന്നും ഷെയറുകൾ എടുത്തുതരാനും പ്രവാസികൾ മുന്നിലുണ്ടായിരുന്നു.

#മലയാളികൾ ഒന്നാണെന്ന് നമ്മെ ഓർമിപ്പിച്ചത്  നമ്മൾ തന്നെയായിരുന്നു. അമ്പലത്തിന്റെ വരാന്തയിലും, ക്രിസ്ത്യൻ പള്ളിക്കകത്തും, മസ്ജിദിന്റെ മുകളിലും നനഞ്ഞൊട്ടിയിരുന്നപ്പോൾ ആർക്കും അയിത്തമുണ്ടായില്ല. കുരിശും, പൊട്ടും, തൊപ്പിയും നോക്കിയതേയില്ല.

"അണ്ണേയ്.. നമ്മ വീട്ടുക്കാകേ സേര്‍ത്ത് വെച്ച പണമാ. അണ്ണേയ്.. ഇത് എടുത്തുങ്കോ. അണ്ണേയ്."
എന്ന് പറഞ്ഞ #തമിഴ്മക്കളെ എങ്ങനെ മറക്കാൻ കഴിയും?

വീടുകൾ പങ്കുവെക്കാൻ സന്നദ്ധത കാണിച്ച ആയിരങ്ങൾ...
ഉള്ളുരുകി സർവ്വശക്തനോട് #പ്രാർത്ഥിച്ചവർ,

ഞങ്ങളും കൂടെയുണ്ടെന്ന് പറഞ്ഞ എല്ലാവരും എഴുതിത്തള്ളിയ പാക്കിസ്ഥാനിലെ ഒരു കൂട്ടം #തൊഴിലാളികൾ,

വിനോദസഞ്ചാരത്തിനിടെ ദുരന്തവാർത്തയറിഞ്ഞ് ബക്കറ്റുമായ് പിരിവിനിറങ്ങിയ #സഞ്ചാരികൾ,

അന്യസംസ്ഥാനങ്ങളിൽ വെള്ളിയാഴ്ച നമസ്കാര ശേഷം കളക്ഷെനെടുത്ത #വിശ്വാസികൾ,

വാഹനങ്ങൾ വിട്ടുകൊടുത്ത സുമനസ്സുകൾ,
ഒരു പുതപ്പ് ചോദിച്ചപ്പോൾ 200 പുതപ്പുകൾ സമ്മാനിച്ച #അന്യസംസ്ഥാന_തൊഴിലാളികൾ,

അകമഴിഞ്ഞ് സഹായിച്ച #വ്യാപാരികൾ, കട മുഴുവൻ സംഭാവന ചെയ്ത മഹാ മനസ്കർ,

മാലയും, കമ്മലും, ഊരിനൽകിയ വീട്ടമ്മമാരും, വിദ്യാർത്ഥിനികളും..
അത്ഭുതകരമാം വിധം ക്യാമ്പുകളിൽ സജീവമായ #യുവതീയുവാക്കൾ...

ദുരിതാശ്വാസനിധിയിൽ പണമടച്ച രസീതി അയച്ചാൽ നിങ്ങളുടെ ചിത്രം വരച്ചു തരാമെന്ന് പറഞ്ഞ #കലാകാരന്മാർ, രസീതി കാണിച്ചാൽ  പുസ്തകങ്ങൾ അയച്ചുതരാമെന്നേറ്റ Pendulum Books നെപ്പോലുള്ള #പ്രസാധകർ.
അങ്ങനെയെത്രയെത്ര മനസ്സുകൾ...
നാം കണ്ടതും കാണാത്തതുമായത്.

ചില അപശബ്ദങ്ങൾ ഉണ്ടായെന്നത് നേരുതന്നെ. അവക്കൊന്നും ചെവികൊടുക്കാൻ നമുക്ക് സമയമുണ്ടായിരുന്നില്ല എന്ന് മാത്രം.
മദ്യത്തിന്റെ ലഹരിയിലാണെങ്കിലും ഉള്ളുതുറന്ന് പറഞ്ഞ് ജോലി കളഞ്ഞ നിഷ്കുവും, വ്യാജവാർത്തകൾ പടച്ചുവിട്ടവരും, കൊള്ളയടിക്കാൻ ശ്രമം നടത്തിയവരും,
ഹെലികോപ്റ്റർ വിളിച്ച് വരുത്തി സെൽഫിയെടുത്ത് വിട്ടവരും,
ഹെലികോപ്റ്റർ വന്ന്  വീടിന് കേടുപാടുണ്ടായി എന്ന് പറഞ്ഞ് ഹോസ്റ്റൽ വിദ്യാർത്ഥിനികളെ തല്ലിച്ചതച്ച അമ്മച്ചിമാരും,
രാജ്യം വിട്ട ജനസേവകരും,
രക്ഷാദൗത്യത്തിന്റെ ക്രെഡിറ്റ് കിട്ടാൻ ക്യാമ്പ് കയ്യേറിയ പ്രമുഖ പാർട്ടിക്കാരും,
മനസ്സ് കല്ലുപോലുറച്ച ചില ഏമാന്മാരുമടക്കം എല്ലാവരും ഒരു പാരഗ്രാഫിൽ ഒതുക്കേണ്ടവർ മാത്രം.
പുര കത്തുമ്പോൾ വാഴ വെട്ടി, കലക്കവെള്ളത്തിൽ മീൻപിടിക്കാൻ പോയ ഇക്കൂട്ടർക്ക് നമുക്ക് മാപ്പുകൊടുക്കാം.

പക്ഷെ,
വിമാനത്താവളത്തിൽ കുമിഞ്ഞ് കൂടിയ സഹായഹസ്തങ്ങൾക്ക് മീതെയുള്ള കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കണമെന്ന് അപേക്ഷ കൊടുത്തിട്ടും, ഒഴിവാക്കാതിരുന്ന കേന്ദ്ര ഗവൺമെന്റ് നടപടിയിൽ ദുഃഖം രേഖപ്പെടുത്താതെ വയ്യ.
ജപ്പാനും, യു.എന്നും, റെഡ്ക്രോസും  സഹായിക്കാമെന്നേറ്റതിനെ ഒറ്റ വാക്യത്തിൽ ഇല്ലാതാക്കിയ കേന്ദ്രസർക്കാറിന്
ഇതൊരു അഭിമാനപ്രശ്നമോ, രാഷ്ട്രീയമോ ആണെങ്കിൽ
ഒരു പ്രതിമയുടെ വിലയെങ്കിലും നമുക്ക് കൽപിച്ചു തരണമായിരുന്നു.
ദുരിതാശ്വാസത്തിനായി കേന്ദ്രം തരുന്ന അരിക്ക് വില തരണമെന്ന് പറയുന്നതാണ് യഥാർത്ഥ ദുരന്തം.

ഈ പ്രളയം ഒരു പരീക്ഷയായിരുന്നു.
ചിലപാഠങ്ങൾ നാം പഠിച്ചേ പറ്റൂ...
മാലിന്യനിർമാർജനത്തിന് ഉചിതമായ മാർഗങ്ങൾ ഇനിയും തേടാത്ത പക്ഷം, പുഴക്കും കടലിനും കൊടുക്കുന്നതെല്ലാം അവ തിരിച്ചു തന്നുകൊണ്ടേയിരിക്കും.
എന്തും നേരിടാനുള്ള മനക്കരുത്ത് നാം നേടിക്കഴിഞ്ഞു. കൈക്കരുത്തിനുള്ള മാർഗങ്ങളും ഉറപ്പിച്ചേ മതിയാകൂ...

നമ്മുടെ പരിശ്രമങ്ങൾ അവസാനിക്കാറായിട്ടില്ല.
ചത്തൊടുങ്ങിയ ജന്തുജാലങ്ങൾ, തകർന്നുപോയ പുരയിടങ്ങൾ,
ഒലിച്ചുപോയ കൃഷിനിലങ്ങൾ.. തുടങ്ങി
പ്രതീക്ഷിച്ചതിലും വലിയ പ്രഹരമാണ് ദുരന്തഭൂമിയിൽ നേരിടേണ്ടി വന്നത്.
വീണ്ടെടുക്കണം നഷ്ടപ്പെട്ടതെല്ലാം.

നമുക്കോരോരുത്തർക്കും ഒറ്റമെയ്യായ് ദുരിതക്കയത്തിൽ നിന്നും കരകയറാൻ ആത്മാർത്ഥമായി പരിശ്രമിക്കാം...●

🄻🄸🄺🄴 & 🅂🄷🄰🅁🄴
ചിത്രങ്ങൾക്ക് കടപ്പാട്: Pencilashan
...........................................
✍️ വാജിദ് വെളുമ്പിയംപാടം

No comments:

Post a Comment