Wednesday, April 11, 2018

കൊലക്കളങ്ങളാകുന്ന ലോക്കപ്പുകൾ


ബ്രിട്ടീഷ് കാപാലികരായിരിക്കാം കാക്കിധരിച്ചുകൊണ്ട് ഭാരതീയനെ ആദ്യമായി കൊല ചെയ്തത്‌.

പിന്നീട്,
സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ നിയമപാലകരുടെ കാക്കിക്കുപ്പായത്തോട് ബഹുമാനവും, ആദരവും നാമ്പെടുത്തെങ്കിലും,
അടിയന്തിരാവസ്ഥക്കാലത്ത് ഈ ബഹുമാനം പുച്ഛം കലർന്ന പേടിയായി മാറിയെന്നത് പച്ചപ്പരമാർത്ഥം.



ഇനി കേരളത്തിലേക്ക് വരാം.
"ദൈവത്തിന്റെ സ്വന്തം നാട്" എന്ന് കേരളത്തെ  വിശേഷിപ്പിച്ചത് ഇവിടുത്തെ പച്ചപ്പും, സമൃദ്ധിയും മാത്രം കണ്ടല്ല. സ്നേഹവും, മനുഷ്യത്വവും കൂടി പരിഗണിച്ചാണ്.

പക്ഷേ,
വർഗീയതയും, വിഭാഗീയതയും ആളിപ്പടരുന്ന ഉത്തരേന്ത്യൻ സംസ്കാരത്തിന്  പഠിച്ച് പരീക്ഷ എഴുതിക്കൊണ്ടിരിക്കുകയാണ്  ഇന്ന് കേരളമെന്ന ദൈവത്തിന്റെ സ്വന്തം നാട്.

'നിയമപാലകർ നോക്കുകുത്തികൾ' എന്ന ക്ലീഷേ വെട്ടിത്തിരുത്തി,
'നിയമപാലകർ കശാപ്പുകാർ.' എന്ന് മാറ്റിയെഴുതേണ്ട ചെയ്തികളാണ് കണ്ടുകൊണ്ടിരിക്കുന്നത്.

കേരളാപൊലീസിൽ ക്രിമിനലുകൾ ഉണ്ടെന്നത് പകൽവെളിച്ചം പോലെ സത്യമാണ്. 1129 പൊലീസുകാർക്ക് ക്രിമിനൽ കേസുകളുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ഭൂരിഭാഗം വരുന്ന മാന്യരായ പോലീസുകാർക്ക് ചീത്തപ്പേരുണ്ടാക്കുന്നതും ഇക്കൂട്ടർ തന്നെ.

ഭരണ-പ്രതിപക്ഷ പാർട്ടികൾ ഇത്തരക്കാരെ അമർച്ച ചെയ്യാൻ നീക്കം നടത്താൻ സാധ്യതയില്ല എന്ന് പറയുന്നതാവും ശരി.
പൊലീസ് ക്രിമിനലുകൾ രാഷ്ട്രീയക്കാരുടെ ചട്ടുകങ്ങളായി വർത്തിക്കാറുണ്ട് എന്നത് തന്നെ കാരണം.

കൊലക്കുറ്റത്തിന് അറസ്റ്റിലായ പ്രതിയുടെ കാമുകിക്ക് സന്ദർശനത്തിന് മണിക്കൂറുകണക്കിന് സമയം അനുവദിക്കുമ്പോൾ, ചെയ്യാത്ത കുറ്റത്തിന് തടവിലിട്ടയാളെ പെറ്റമ്മയെപ്പോലും കാണാനനുവദിക്കാത്തതിലെ വിരോധാഭാസം ആരോട് പറയാൻ.?

ജനമൈത്രി പോലീസ് സ്റ്റേഷനുകൾ സ്ഥാപിച്ചിട്ടും, മതിയായ നിർദ്ദേശങ്ങൾ കൊടുത്തിട്ടും കേരളത്തിൽ കസ്റ്റഡി മരണങ്ങൾ വർധിച്ചുകൊണ്ടേയിരിക്കുകയാണ്.

1970 ഫെബ്രുവരിയിൽ നക്‌സലൈറ്റ് എ.വർഗീസ് പോലീസ് കസ്റ്റഡിയിൽ മരണപ്പെട്ടത് മുതൽ 2018 ഏപ്രിൽ ശ്രീജിത്ത് കൊല്ലപ്പെട്ടത് വരെ ഏതാണ്ട് 50ൽ പരം കസ്റ്റഡി മരണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. തല്ലിച്ചതച്ചതും, ജീവച്ഛവമാക്കിയതും, റിപ്പോർട്ട് ചെയ്യപ്പെടാത്ത കസ്റ്റസി മരണങ്ങളും ഇതിലുമെത്രയോ അധികമാണ്.

അറസ്റ്റ് രേഖപ്പെടുത്തി ഇരുത്തിനാല് മണിക്കൂറിനകം കോടതിയിൽ ഹാജരാക്കണമെന്നത് പലപ്പോഴും പാലിക്കപ്പെടാറില്ല എന്നത് മാത്രമല്ല,
നിസ്സാരകുറ്റങ്ങൾക്കാണ് ദുർബലരും, രാഷ്ട്രീയ സ്വാധീനമില്ലാത്തവരുമായ പ്രതികളെ ഉപദ്രവിച്ചോ മറ്റോ കൊലപ്പെടുത്തുന്നത്.

ടേപ്റിക്കാർഡ് മോഷ്ടിച്ചതിനാണ് 1998ൽ ചേർത്തലയിലെ ഗോപി കസ്റ്റഡിയിൽ വെച്ച് കൊല്ലപ്പെട്ടതെങ്കിൽ, പെറ്റിക്കേസിന് പിഴയോടുക്കാത്തതിനാണ് 2016 മാർച്ചിൽ ആലുവയിൽ വിനീഷ് കൊല്ലപ്പെടുന്നത്.
2014ൽ നെയ്യാറ്റിൻകരയിൽ ശ്രീജു കൊല്ലപ്പെടുന്നതും നിസ്സാരപ്രശ്നങ്ങൾക്ക്.
ശ്രീജുവിന് നീതി കിട്ടാൻ സഹോദരൻ ശ്രീജിത്ത് ഇന്നും സെക്രട്ടറിയേറ്റ് വളപ്പിൽ നിരാഹാരം കിടക്കുന്നു.
ഉദയകുമാർ, മുഹമ്മദ് മുസ്തഫ, രാജൻ, സമ്പത്ത്, റോബിൻ, വർക്കല വിജയൻ തുടങ്ങിയവർ പോലീസുകാരുടെ ഇരകളിൽ ചിലർ മാത്രം.

സന്ധ്യമയങ്ങിയാൽ  കേരളത്തിലെ പല പൊലീസ് സ്റ്റേഷനുകളും ബാറുകളായി  മാറുന്നുവെന്നത് പൊതുജനം ഉറക്കെപ്പറയാത്ത സത്യമാണ്.

പൊലീസ് സ്റ്റേഷൻ കശാപ്പുശാലയാക്കുന്ന കാപാലികരെ മൂന്ന് മാസത്തെ സുഖവാസത്തിനയച്ച് അതിന് സസ്‌പെൻഷൻ എന്ന പേരുമിടുന്നു എന്നതൊഴിച്ചാൽ കാര്യമാത്ര ശിക്ഷയൊന്നും കൊലപാതകികൾക്ക് കൊടുത്തുകാണാറില്ല.

പൊലീസുകാർ വീടുകയറി അക്രമിച്ചതും, ഓടുന്ന ബൈക്കിൽ നിന്ന് തള്ളിയിട്ടതും, അകാരണമായി തല്ലിച്ചതച്ച് ചോരതുപ്പിച്ചതും എല്ലാം പോട്ടെ...
കൊല്ലാക്കൊല ചെയ്തതിനെങ്കിലും മാന്യമായി ശിക്ഷിക്കാൻ സർവ്വീസ് ചട്ടങ്ങൾ മാറ്റി എഴുതാത്തിടത്തോളം ഇനിയും ശ്രീജിത്തുമാരും, സമ്പത്തുമാരും ഉണ്ടായിക്കൊണ്ടേയിരിക്കും.

പൊലീസുകാർ ചെയ്യുന്നത് മുഴുവൻ ഭരണപക്ഷത്തിന്റെ നെറികേടെന്ന് പറയുന്നതിലർത്ഥമില്ല. എങ്കിലും ചില നിയന്ത്രണങ്ങളും ചട്ടങ്ങളും ഏർപ്പെടുത്താൻ ഭരണകൂടത്തിനേ കഴിയൂ...

നീതികിട്ടില്ല എന്ന ചിന്തയിൽ നിന്നാണ് 'ആൾക്കൂട്ടവിചാരണ'യെന്ന ഭീതിജനകമായ അവസ്ഥയുണ്ടാക്കുന്നതെന്ന് ഭരണകൂടം ഇനിയെങ്കിലും ഓർക്കുന്നത് നന്ന്...

No comments:

Post a Comment