Wednesday, March 14, 2018

ക്യാ മലയാളീ..?

കിഴക്ക് വെള്ളകീറും മുമ്പേ ട്രെയിൻ ആഞ്ഞുകൂകിയിങ്ങ് തിരൂരിലെത്തി. പഴയ വാഗൺട്രാജടി ദുരന്തത്തെ ഓർമ്മിപ്പിക്കുമാറ് ഒരു പഴഞ്ചൻ ചരക്കുവണ്ടി അവസാനത്തെ പ്ലാറ്റ്ഫോമിൽ ഹാൾട്ട് ചെയ്തിരിക്കുന്നു.

പ്ലാറ്റ്ഫോമിൽ സംവിധാനിച്ച ലൈറ്റുകൾക്കൊന്നും വേണ്ടത്ര വെളിച്ചമില്ല.
ചുടുചായയും, മധുരമൂറും ഉണ്ണിയപ്പവുമായി ആ ചരക്കുവണ്ടിക്ക് അഭിമുഖമായ് ഞാനിരുന്നു.

തൊട്ടടുത്ത പടുവൃക്ഷങ്ങളിലെ കളകൂജനങ്ങളെ നിശ്ശബ്ദമാക്കി പൊടുന്നനെ സുബഹിബാങ്കൊലികൾ വാനിലുയർന്നു.
പലജാതിക്കണക്കിന് പക്ഷികളുടെ ആവാസവ്യവസ്ഥ തന്നെയാണ് തിരൂരിലെ മാർക്കറ്റിനോട് ചേർന്ന് പടർന്ന് പന്തലിച്ച വൃക്ഷമുത്തശ്ശിമാർ. ഒരുപക്ഷേ അവയുടെ ഇലകളെക്കാളും കിളികളായിരിക്കും അതിൽ രാപ്പാർക്കുന്നത്.
ഈ മരച്ചുവട്ടിലൂടെ വേണം ബസ്സ്റ്റാന്റിലെത്താൻ. അതും പക്ഷിത്തമ്പുരാട്ടികൾ പ്രഭാതകൃത്യങ്ങൾ നിർവ്വഹിക്കുന്ന സമയത്ത്.
ഹൊ..
കഷ്ടിച്ചു രക്ഷപ്പെട്ടു.
ഒന്നുപിഴച്ചാൽ നാറിയേനെ…
മാർക്കറ്റിൽ നിന്നുയരുന്ന ആർപ്പുവിളികൾക്ക് കാരണമന്വോഷിച്ച് നേരെ അവിടേക്ക് വച്ചടിച്ചു. തകൃതിയായ കച്ചവടമാണവിടെ.
കിലോപത്ത് കച്ചവടമല്ല.
അതുക്കും മേലെ. എത്രയോ മേലെ.
വലിയ ശീതീകരിച്ച ലോറികൾ, പിക്അപ് വാനുകൾ, പെട്ടിയോട്ടോകൾ…. തുടങ്ങി നീണ്ട നിരതന്നെയുണ്ടവിടെ. അവയിലേക്ക് മീനുകൾ കയറ്റുന്നു, ഇറക്കുന്നു, ഐസിടുന്നു, കണക്കെഴുതുന്നു, കൂക്കിവിളിക്കുന്നു….. ആകെപ്പാടെ ജഗപൊക.
കളകൂജനത്തിന്റെ കലപിലകൾക്കൊപ്പം വായ്ക്കുരവകളും, മാർക്കറ്റിന്റെ കുത്തുന്ന രൂക്ഷഗന്ധവും അരണ്ടവെളിച്ചത്തിലൂടെ മുന്നിലേക്ക് ഇതുവരെക്കിട്ടാത്ത വല്ലാത്തൊരനുഭൂതി.
ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ ഉറക്കമിളച്ച് പെടാപാട് പെടുന്ന മനുഷ്യക്കോലങ്ങൾ..!
വെയിലുദിക്കും മുമ്പേ ഈ ആരവങ്ങൾ പതിയെ അവസാനിക്കും. ആരും എന്നെ മെയിന്റ് ചെയ്യുന്നേയില്ല. അല്ലെങ്കിലും, പൊന്നുരുക്കുന്നേടത്ത് പൂച്ചക്കെന്തുകാര്യം..??
ഗൾഫ്മാർക്കറ്റിന്റെ വെളിച്ചമില്ലാത്തിടത്തുകൂടി നേരെ പള്ളിയിലേക്ക് നടന്നു. തലേദിവസം കോളജിലെ സെമിനാറിനെ ധന്യമാക്കിയ യൂസഫ് നദവി യെ അവിചാരിതമായി വീണ്ടും പള്ളിയിൽ വെച്ച് കണാനിടയായി. അദ്ദേഹത്തെ കൂട്ടാൻ വന്ന കൂട്ടുകാരൻ അൻസാർ കോളജിന്റെ എല്ലാമെല്ലാമായ റഫീഖ് സാഹിബ്. അവരോട് അൽപനേരം സംസാരിച്ച് യാത്രയാക്കി നേരെ ബസ്റ്റാന്റിലേക്ക് കയറി.
ആകെ-മൊത്തം-ടോട്ടൽ ഒരു അപരിചിതത്ത ഫീലിങ്.
മുല്ലപ്പൂ മങ്കമാരും, ബംഗാളിച്ചേട്ടന്മാരും ബസ്സ്റ്റാന്റിനെ ധന്യമാക്കിയിരിക്കുന്നു.
കോടാലി, പിക്കാസ്, കൈക്കോട്ട്, പിച്ചാത്തി…. തുടങ്ങി കാക്കത്തൊള്ളായിരം സാനമാനങ്ങളുമായി ആധുനിക കേരളത്തിലെ ശിൽപികൾ ബസ്സ്കാത്തുനിൽക്കുന്നു. കോൺട്രാകടറും, മേസ്തിരിയും,പടവുകാരും, തേപ്പുകാരും, ചട്ടിപിടുത്തക്കാരും, ചിലയിടങ്ങളിൽ എഞ്ചിനീയർമാരായിവരെ ഇപ്പോൾ ബംഗാളിച്ചുള്ളന്മാരാണുള്ളത്.
ലവന്മാര് പിക്കാസെറിഞ്ഞാണ് കേരളമുണ്ടാക്കിയതെന്ന മട്ടിലാണ് ചിലവന്മാരുടെ ഞെളിഞ്ഞുള്ള നിറുത്തം.
സംഗതി എന്തായാലും ഒരു മലയാളിയെ കണ്ടുകിട്ടാൻ നന്നേ നന്നേപ്രയാസം.
ഗത്യന്തരമില്ലാതെ ഒടുവിൽ K.M.H (സ്ഥലത്തെ പ്രധാന ബസ്സുകളിലൊന്ന്) ലേക്ക് ഓടിക്കയറി.
ബസ്സാണെങ്കിലോ മണിയറയെപ്പോലെ അലങ്കരിച്ചിരിക്കുന്നു. നെഞ്ചിൻകൂട് തകർക്കുന്ന മ്യൂസിക് സിസ്റ്റം. പോരാത്തതിന് C.C.T.V. യും.
എല്ലാ സീറ്റും റിസർവ്വഡ് ആണ്. ആകെപ്പാടെ കടലണ്ണയുടെ രൂക്ഷഗന്ധം വായുവിൽ തങ്ങിനിൽക്കുന്നു.
ഒടുവിൽ ആ സത്യം ഞാൻ മനസ്സിലാക്കി.
ഞാനും, കണ്ടക്ടറും, ഡ്രൈവറുമടക്കം നാലഞ്ച് എരപ്പാളികളൊഴിച്ച് ബസ്സിൽ ബാക്കിയുള്ളവരെല്ലാം ഓഫീസിലേക്ക് പോകുന്ന ബംഗാളി ദാദമാരാണ്.
കണ്ടക്ടറണ്ണന്റെ സ്ഫുടമായ ഹിന്ദികേട്ട് ചില ബംഗ്ലൂസ് കണ്ണുമിഴിക്കുന്നുണ്ട്.
ഓടുന്ന ബസ്സിനെ വളഞ്ഞിട്ട് പിടിച്ച് തള്ളിക്കയറുന്ന ഏതാനും ബംഗ്ലൂസിനെ നിറകണ്ണുകളോടെ ഞാൻ നോക്കി നിന്നു.
എന്നാലും ഈ മലയാളികളെവിടെപ്പോയി..?
“മലയാളികൾ കൂർക്കം വലിച്ചുറങ്ങുകയാണ്….”
പിന്നിൽ നിന്നാരോ പറഞ്ഞപോലെത്തോന്നി….
ചിത്രം കടപ്പാട്.

No comments:

Post a Comment